സ്മൃതിപഥം
Share
സ്മൃതിപഥം
രമേശൻ കുട്ടാവ്
മറക്കുവാൻ മടിക്കുന്ന മണമുള്ളയോർമകൾ,
മായാതെ നീരു തളിച്ചു കൊടുക്കണം.
മൊട്ടായി നാമ്പുകൾ പൂത്തുലഞ്ഞീടുവാൻ,
മതിവരാതൊട്ടും തികച്ചു തേട്ടീടാതെ.
ആരിൻ തിരിഞ്ഞു നോട്ടം കൊതിച്ചിരുന്നുവോ….
ആ മുഖമിന്നും തെളിയും മനതാരിൽ.
ഓർമ്മകൾ തീറെഴുതി വച്ചോരിരിപ്പിടം,
ഒപ്പമായി പേരുകൾ കോറിയ ചുമരുകൾ.
കാലം മറച്ച പല കൂട്ടുകൾ തെളിയുമ്പോൾ,
കൊതിയാണ് പിന്നിലേക്കോടി നടക്കുവാൻ…..
വാളൻപുളിയുപ്പ് ചേർത്തന്നു തിന്നതും,
വണ്ടുപോൽ പൂവിൻ കുടക്കാൽ മണത്തതും,
കളിച്ചു നടുവിലൊളിച്ചു നെയ്പുല്ലിന്റെ,
കൂടെ നടന്നന്നുകാക്കാപ്പൂ പറിച്ചതും,
ഉപ്പുമാവിൻ രുചിക്കൂട്ടറിഞ്ഞതോ കൂട്ടമായി,
ഉണ്മയാണോർമയ്ക്ക് മണിനാദമല്ലേ…
ഉപ്പുകൂട്ടി കണ്ണിമാങ്ങ കടിച്ചപ്പോൾ,
ഉണ്ടായ ചുളിവിന്നുപേരെന്തു ചൊല്ലുവാൻ???
ചുട്ട പുളിങ്കുരു കടമായി കേട്ടെന്നാൽ,
ചേർത്തിടുമെരിഞ്ഞിക്കുരു തരും പകരമായി,
ഇണങ്ങിപ്പിണങ്ങിയകന്നടുത്തൊരു സൗഹൃദം,
ഇനിയെത്ര കഥകളായിടവഴിയിലായുണ്ട്…
തുറക്കുവാൻ വെമ്പുന്ന ചേതസ്സിൻ പെട്ടിയിൽ,
തുളുമ്പുന്നയെത്രയോ മോഹനമോഹങ്ങൾ…
എന്നും മരിക്കാത്ത പശിയായാറിവുണ്ട്,
എപ്പോഴും ചേർത്തു പിടിച്ച ഗുരുനാഥരും,
തിരികെ ലഭിക്കില്ലെന്നേറെ യറിഞ്ഞിട്ടും,
തരുമൊരാ ബാല്യ സ്മൃതിപഥം ധന്യം…..
തിരികെ ലഭിക്കില്ലെന്നേറെ യറിഞ്ഞിട്ടും
തരുമൊരാ ബാല്യ സ്മൃതിപഥം ധന്യം..
